Sunday, January 24, 2010

കടുവയെ പിടിച്ച കിടുവ അഥവാ ഒരു പാതിരാ സൈക്കിള്‍ അപകടത്തിന്റെ കഥ

പതിവു പോലെ സെക്കന്റ് ഷോ സിനിമയും കണ്ട് മടങ്ങും വഴി പള്ളിപ്പറമ്പില്‍ നിന്നും ഒരു കുല തേങ്ങയും തന്റെ തൊഴില്‍ ദാതാവായ രാമന്‍ മേനന്റെ തോട്ടത്തില്‍ നിന്നും ഒരു നേന്ത്രക്കുലയും വെട്ടിയെടുത്ത്, നാളെ വൈകീട്ടത്തെ മോന്തിക്കള്ളിന്റെയും അന്തിപ്പടത്തിന്റെയും ചെലവിനുള്ള വകയുമൊപ്പിച്ച് സൈക്കിളില്‍ നീട്ടിച്ചവിട്ടി നീങ്ങുകയായിരുന്നു നാണപ്പന്‍….
സിനിമാകൊട്ടകയില്‍ നിന്നിറങ്ങുമ്പൊള്‍ കേള്‍പ്പിച്ച അടിപൊളി പാട്ടിന്റെ ഈരടികളും മൂളിക്കൊണ്ട്.. പാട്ടിന്റെ താളത്തിനൊപ്പിച്ച് ശരീരം ചലിപ്പിച്ചു കൊണ്ട്…
കറുത്ത വാവാണെന്നു തോന്നും, അത്രയ്ക്കിരുട്ടാണ് ചുറ്റും.. നാണപ്പന്റെ ചുണ്ടിലെരിയുന്ന ബാപ്പു ബീഡിയുടെ ‘ഇന്‍ഡിക്കേറ്റര്‍’ അല്ലാതെ വെളിച്ചത്തിന്റെ തരിമ്പ് എവിടെയും കാണാനില്ല… മൂടിപ്പുതച്ചുറങ്ങുകയാണ് ആകാശവും ഭൂമിയും…

സൈക്കിള്‍ ഹാന്‍ഡിലിന്റെ ഇരു വശവും ഇരട്ടയായി ഏച്ചു കെട്ടിയിട്ട തേങ്ങകള്‍… ഇടതു കൈയ്യില്‍ മേനന്റെ പറമ്പില്‍ നിന്നും വെട്ടിയെടുത്ത മഞ്ഞ നിറം ബാധിച്ചു തുടങ്ങിയ ഒരുഗ്രന്‍ നേന്ത്രന്‍ കുല… ചുണ്ടില് എരിഞ്ഞടങ്ങാറായ ബാപ്പു ബീഡി… ഉള്ളില്‍ അന്തിക്ക് മോന്തിക്കുടിച്ച ആനമയക്കിയുടെ ഇനിയും വിട്ടിട്ടില്ലാത്ത കെട്ട്… എല്ലാത്തിന്റെയും നിയന്ത്രണം വലതു കൈയ്യില്‍…

വയലിനു കുറുകെ വളഞ്ഞു പുളഞ്ഞു കിടക്കുകയാണ് വീട്ടിലേക്കുള്ള പഞ്ചായത്ത് റോഡ്. പരിചിതങ്ങളായ കുഴികളും കല്ലുകളും അതി വിദഗ്ധമായി ഒഴിവാക്കിക്കൊണ്ട് വെച്ചുപിടിക്കുകയായിരുന്നു നാണപ്പന്‍… വഴി ഒരു ഊഹം മാത്രം..

ഒരു വളവ് കഴിഞ്ഞപ്പോള്‍ മുന്നില്‍ ചിലരുടെ ശബ്ദം. അത് അവരാണ്, കോരപ്പനും ശങ്കരനും കണ്ണപ്പനും… തന്റെ അയല്‍ക്കാര്‍.. തന്റെ കൂടെ സെക്കന്റ് ഷോ കണ്ടിറങ്ങിയവര്‍… പടം വിട്ടിട്ട് നേരം അര-മുക്കാ മണിക്കൂറായി, ഇവന്മാര്‍ ഇനിയും വീടടങ്ങിയിട്ടില്ലേ?? തന്റെ ഈ അവസ്ഥയില് അവന്മാരെ മൈന്‍ഡ് ചെയ്താല്‍ കുഴപ്പമാകും..

ഭാഗ്യം, അവരുടെ കൈയ്യിലും വെളിച്ചമില്ല !! തന്നെ മനസ്സിലാവില്ല, ഉറപ്പ്… ചിലമ്പിച്ച ശബ്ദത്തിലുള്ള ബെല്ലടിച്ച്, റോഡിന്റെ മധ്യഭാഗത്തു കൂടി സൈക്കിള് ആഞ്ഞു ചവിട്ടി… പെട്ടെന്ന്...
...പെട്ടെന്ന് മുന്നില്‍ ആരോ വന്നിടിച്ചു.

“ അയ്യോ !! അമ്മേ…..”
ആരോ താഴെ വയലിലെ ചെളിയിലേക്ക് വീഴുന്ന ശബ്ദം… കണ്ണപ്പനാണ്…

അര നിമിഷം തരിച്ചു നിന്ന നാണപ്പന്‍, തന്റെയും പാളിപ്പോയ തന്റെ സൈക്കിളിന്റെയും നിയന്ത്രണം വീണ്ടെടുത്ത് ആഞ്ഞു ചവിട്ടി മുന്നോട്ടു നീങ്ങി… പിറകില്‍ ഭരണിപ്പാട്ടിനെ വെല്ലുന്ന തെറിയഭിഷേകം… “നായ”യില്‍ തുടങ്ങുന്ന എല്ലാ നിക്രിഷ്ടജീവികളും തന്റെ തന്തമാരായി മാറുന്നു..

പക്ഷെ, നാണപ്പന്‍ സമധാനപ്പെട്ടു, അവര്‍ക്ക് തന്നെ മനസ്സിലായിട്ടില്ല… അതുകൊണ്ട് ഒന്നും അറിയാത്ത മട്ടില് എത്രയും പെട്ടെന്ന് തടിയൂരാം.. അങ്ങിനെ ആശ്വസിച്ച്, കണ്ണപ്പന്റെ അവസ്ഥയോര്‍ത്ത് ചിരിയൂറി രസിച്ച് ഒരു മൂളിപ്പാട്ടും പാടി സൈക്കിള് ചവിട്ടി നീങ്ങുമ്പോഴായിരുന്നു അത്…
...കണ്ണഞ്ചിപ്പോയി. ബ്രൈറ്റ് ലൈറ്റ് ടോറ്ച്ചിന്റെ തൂവെള്ള വെളിച്ചം.. പാതിരാവില് സൂര്യനുദിച്ച അവസ്ഥ..

“ ങാ, നാണപ്പനോ.. നല്ല കോളുണ്ടല്ലോ?? മിനിഞ്ഞാന്നു നീ കൊടുത്തത് കഴിഞ്ഞെന്ന് ഓള് പറേന്നത് കേട്ടു. ഒരഞ്ചു തേങ്ങ വീട്ടിന്റെ മുറ്റത്തു വെച്ചേക്കി..”
– കുഞ്ഞിഷ്ണനാണ്.. സഹകരണ ബാങ്കിലെ വാച്ച് മേന്‍.. പള്ളിപ്പറമ്പിലെ തേങ്ങകളുടെ സ്ഥിരം ആവശ്യക്കാരന്‍..
“ ആ…” നാണപ്പന് മുന്നോട്ട് നീങ്ങി.

***********

പിറ്റേ ദിവസം നേരം പുലര്‍ന്നത് ആ ബ്രേക്കിംഗ് ന്യൂസുമായിട്ടായിരുന്നു.. നാട്ടിലെങ്ങും പാട്ടായി, നാണപ്പനാണ് സംഭവത്തിലെ കുറ്റവാളിയെന്ന്… എവിടെയും ചര്‍ച്ചാവിഷയം “പാതിരാ കുറ്റക്രിത്യം” തന്നെ…
കോരപ്പനും കൂട്ടുകാരും വീട്ടുമുറ്റത്തു വന്ന് തെറി വിളിച്ചപ്പോള് തല താഴ്ത്തി നില്‍ക്കാനേ നാണപ്പനു കഴിഞ്ഞുള്ളൂ...

ഉള്ളില് അമര്‍ഷം പുകഞ്ഞു, “ കുഞ്ഞിഷ്ണാ.. ഈ ചതി ന്നോട് വേണ്ടായിരുന്നു. നീ അനുഭവിക്കും, എട്ടോ ഒന്‍പതോ രൂപ കൊടുത്ത് മണ്ഡരി പിടിച്ച തേങ്ങ വാങ്ങി കറി കൂട്ടുമ്പോള് നീ ഓര്‍ക്കും, ന്നെ !! “

ഗ്രാമത്തിലെ ചായക്കടയും,കള്ളു ഷാപ്പും, ബാര്‍ബര്‍ ഷാപ്പും, കുടുംബശ്രീ കളും, എല്ലാം ടെലിവിഷന് ചാനലുകളിലെ ന്യൂസ് റൂമുകള്‍ പോലെ കോടതി മുറികളായി മാറി… പ്രതി ഭാഗവും വാദി ഭാഗവും പോരടിച്ചു… ചിലര്‍ ജഡ്ജിമാരായി… വിധി പുറപ്പെടുവിപ്പിച്ചു… വാദം, പ്രതിവാദം, വിധി……… ആകെ ജഗപൊഗ...

“ നാണപ്പന് ചെയ്തത് ശരിയാണെന്ന് പറഞ്ഞ കുഞ്ഞിക്കണ്ണേട്ടന്റെ അഭിപ്രായത്തെ അപ്പാടെ തള്ളിക്കളഞ്ഞ കേളുവേട്ടന്റെ തീരുമാനം നിങ്ങള് അംഗീകരിക്കുന്നുവോ?? നിങ്ങളുടെ ഉത്തരം “യെസ്” ആണെങ്കില് “നാണപ്പന്‍ സ്പേയ്സ് വൈ” എന്നു ടൈപ്പ് ചെയ്ത്……….”

************

തുടര്‍ന്ന് ആ ഗ്രാമത്തിലുണ്ടായ എല്ലാ “പാതിരാ സൈക്കിള്“ കുറ്റക്രിത്യങ്ങളും നാണപ്പനു മേല്‍ നിഷ്ക്കരുണം അടിച്ചേല്പിക്കപ്പെട്ടു.. ഇന്നലെയും ഒരു സംഭവമുണ്ടായി..

വടക്കേതിലെ അമ്പുവേട്ടന്റെ മകളുടെ കല്യാണത്തിനുള്ള സദ്യ്‌വട്ടമൊരുക്കി രാത്രി തിരിച്ചു വരുമ്പോള്‍ പുള്ളോന്‍ രമേശനെ ഒരു സൈക്കിളുകാരന് ഇടിച്ചിട്ട് നിര്‍ത്താതെ ഓടിച്ചു പോയി.. രമേശന്‍ ആക്രോശിച്ച് പിന്നാലെ ഓടി. “ ഏത് നായിന്റെ മോനാടാ അത്??? നാണപ്പനാണോടാ???”
“ ആ… അതെ… നീ പോടാ… “ സൈക്കിളുകാരന്‍ നിര്‍ത്താതെ പോയി.

**********

പക്ഷെ, ഈ സംഭവങ്ങളൊന്നും തന്നെ അശേഷം ബാധിക്കുന്നില്ല എന്ന ഭാവം വരുത്തിയാണ് നാണപ്പന്‍ നാട്ടുകാരെ അഭിമുഖീകരിക്കുന്നത്… തോറ്റു കൊടുത്താല്‍ ഇവന്മാറ് തന്റെ തലയില് കയറും.. അതിനാല്‍, പീഡനക്കേസില്‍ ജാമ്യം ലഭിച്ച് കൈ ഉയര്‍ത്തി വിജയ ചിഹ്നം കാണിച്ചു കോടതിയില്‍ നിന്നും പുറത്തു വരുന്ന തന്റെ രാഷ്ട്രീയ ഗുരുവിനെ മാത്ര്കയാക്കി എല്ലാവരോടും പതിവില് കൂടുതല് ഇളിച്ചു കാട്ടി…

എങ്കിലും കുറെ നാളായി മനസ്സിനു നല്ല സുഖം തോന്നുന്നില്ല.. ഭയങ്കര അസ്വസ്ഥത... എവിടെയോ ഒരു പുകച്ചില്… ആള്‍ക്കാരുടെ നീരസവും പരിഹാസച്ചിരിയും…
ഇങ്ങിനെ പലവിധ ചിന്തകളാല് പെട്ടുഴറി ആ പാതി രാത്രിയില്‍ പാടത്തിനു കുറുകെയുള്ള ആ ചെമ്മണ്‍ പാതയിലൂടെ നാണപ്പന്‍ നടന്നു നീങ്ങവെ, പെട്ടെന്ന് ... പിന്നിലെയിരുട്ടില് നിന്നും ഒരിടി.. തെറിച്ച് താഴെ ഉഴുതിട്ട ചെളിക്കണ്ടത്തിലേക്ക് വീഴുമ്പോള്‍, പിന്നില്‍ ഒരു സൈക്കിള്‍ റോഡില്‍ വീഴുന്ന ശബ്ദം കേട്ടു…

വായിലും മൂക്കിലും കയറിയ ചെളിവെള്ളം ചീറ്റിക്കളഞ്ഞ്, കണ്ണ് തിരുമ്മി, നാണപ്പന് ആര്‍ത്തു,
“ ഏതു പട്ടിയാടാ അത് ??? “

റോഡില്‍ വീണ സൈക്കിള്‍ നിവര്‍ത്തി വെച്ച് അതിന്മേല് കയറി ആഞ്ഞു ചവിട്ടി നീങ്ങവെ അപരന്‍ വിളിച്ചു പറഞ്ഞു,
“ ഇതു ഞാനാ.. നാണപ്പന്‍ …!”

നാണപ്പന്റെ കണ്ണിലിരുട്ടു കയറി.. അവന്‍ ചെളിയിലേക്ക് മറിഞ്ഞു.

4 comments:

  1. നാണപ്പന്‍ സ്പേയ്‌സ് വൈ

    ReplyDelete
  2. “നായ”യില്‍ തുടങ്ങുന്ന എല്ലാ നിക്രിഷ്ടജീവികളും തന്റെ തന്തമാരായി മാറുന്നു..

    നര്‍മ്മം വിതറുന്ന എഴുത്ത്‌ നന്നായി കൈകാര്യം ചെയ്തു.
    അവസാനത്തെ അപരന്‍ കൊള്ളാം.
    ആശംസകള്‍.

    ReplyDelete
  3. swanthamaayi oru syli undaakkaanulla shramam kollam, beautiful.

    ReplyDelete